കോഴിക്കോട്: ഓണാവധിയും നബിദിന (മീലാദ്) റാലികളും ഒരുമിച്ചെത്തുന്നതോടെ എൻ.എച്ച് 766 കോഴിക്കോട്– മൈസൂരു– കൊല്ലെഗൽ ദേശീയപാതയിൽ വരുംദിവസങ്ങളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യത. പാതയിലെ പ്രധാന നഗരങ്ങളിലെല്ലാം വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, പരീക്ഷാ കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി യാത്ര തിരിക്കുന്നവർ ഗതാഗതക്കുരുക്ക് മുൻകൂട്ടി കണ്ട് യാത്രകൾ നേരത്തെയാക്കി സമയം ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, കൊടുവള്ളി ടൗണുകളിൽ രാവിലെ മുതൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കുന്നമംഗലത്തെ ബ്ലോക്ക് കാരണം മെഡിക്കൽ കോളേജ് റോഡിലെ മുണ്ടിക്കൽതാഴം, മിൽമ–പെരിങ്ങളം ജംഗ്ഷൻ എന്നിവിടങ്ങളിലും ഗതാഗതം പൂർണമായി സ്തംഭിച്ചു. വരുംദിവസങ്ങളിലും മലാപ്പറമ്പ് ജംഗ്ഷൻ, താമരശ്ശേരി, ചുരം റോഡുകൾ, കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ തിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ട്.
അവധി പ്രമാണിച്ച് വയനാട് ഭാഗത്തേക്കും ഗുണ്ടൽപേട്ട, മൈസൂരു തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതും മടങ്ങിയെത്തുന്നതും സുൽത്താൻ ബത്തേരി അടക്കമുള്ള നഗരങ്ങളിലെ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഓണത്തിരക്കും മീലാദ് റാലികളും മുന്നിൽക്കണ്ട് യാത്രക്കാർ ബദൽ പാതകൾ ഉപയോഗപ്പെടുത്തുകയോ ഗതാഗത തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യത്തിന് സമയം അനുവദിച്ചുകൊണ്ട് യാത്ര ചെയ്യുകയോ ചെയ്യുന്നത് ഉചിതം.



0 Comments