LATEST

6/recent/ticker-posts

ബ്രസീലിന് പിന്നാലെ യുറഗ്വായ്ക്കെതിരേയും ഇന്ത്യ സൗഹൃദ മത്സരം കളിക്കും




ന്യൂഡൽഹി: ബ്രസീലിന് പിന്നാലെ മുൻ ലോകചാമ്പ്യന്മാരായ യുറഗ്വായ്‌ക്കെതിരേയും ഇന്ത്യ സൗഹൃദമത്സരം കളിക്കും. കൊൽക്കത്തയിൽ വെച്ച് ഇന്ത്യ-യുറഗ്വായ് മത്സരം നടക്കുമെന്ന് എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബർ ആറാം തീയതിയാണ് മത്സരം നടക്കുന്നത്.

ബ്രസീലിന് പുറമേ മറ്റൊരു രാജ്യവുമായി ഇന്ത്യ സൗഹൃദമത്സരം കളിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേപ് വെർദെ, യുറഗ്വായ് രാജ്യങ്ങളെയാണ് ഇതിനായി സമീപിച്ചിരുന്നത്. സെപ്റ്റംബർ 26 ന് പാനമയ്ക്കെതിരേ കളിക്കുമെന്ന പ്രഖ്യാപനവുമെത്തി. ഇപ്പോഴിതാ യുറഗ്വായ് ടീമുമായും ഇന്ത്യ കളിക്കുമെന്ന സ്ഥിരീകരണം പുറത്തുവരികയാണ്. ഒക്ടോബർ ആറിന് കൊൽക്കത്തയിൽ രണ്ട് തവണ ലോകചാമ്പ്യന്മാരായ യുറഗ്വായ് ടീമിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യൻ ഫുട്‌ബോൾ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

കൊൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. അതിന് ശേഷമാകും യുറഗ്വായ്ക്കെതിരേ കളിക്കുക.

ബ്രസീലുമായുള്ള സൗഹൃദമത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിൽ ആസിയാൻ കപ്പിൽ നിന്ന് പിന്മാറാൻ അടുത്തിടെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നു.

ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റു മുട്ടേണ്ടിയിരുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്.


Post a Comment

0 Comments