തിരുവനന്തപുരം: റേഷൻ വിതരണ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയുമായി കേരള സർക്കാർ. ബാങ്ക് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ, ഇനി അരിയും ഗോതമ്പും ഉൾപ്പെടെയുള്ള റേഷൻ ധാന്യങ്ങളും യന്ത്രങ്ങളിലൂടെ സ്വന്തമാക്കാനാകുന്ന സംവിധാനമാണ് സംസ്ഥാനത്ത് പരിഗണിക്കുന്നത്. ഒഡീഷയിൽ വിജയകരമായി നടപ്പാക്കിയ ‘ധാന്യ എ.ടി.എം’ മാതൃക കേരളത്തിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം


അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം) ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും റേഷൻ ധാന്യങ്ങൾ കൈപ്പറ്റാനാകും.

പദ്ധതിപ്രകാരം, ഉപഭോക്താക്കൾ യന്ത്രത്തിൽ ആധാർ നമ്പറും റേഷൻ കാർഡ് വിവരങ്ങളും നൽകണം. തുടർന്ന് ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം സ്ഥിരീകരിച്ചാൽ, അർഹമായ അളവിലുള്ള ധാന്യം മെഷീനിൽ നിന്ന് ലഭിക്കും. അഞ്ചു മിനിറ്റിനുള്ളിൽ വിതരണം പൂർത്തിയാക്കുന്ന രീതിയിലുള്ള യന്ത്രങ്ങളാണ് നിലവിൽ ഒഡീഷയിൽ പ്രവർത്തിക്കുന്നത്.

പദ്ധതിയുടെ സാധ്യതകളും പ്രായോഗികതയും സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ സംവിധാനത്തിനും ഈ പദ്ധതി കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ഭുവനേശ്വറിൽ ആദ്യത്തെ ധാന്യ എ.ടി.എം സ്ഥാപിച്ചത്. കേരളത്തിലും ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. അതേസമയം, പുതിയ സംവിധാനം നിലവിൽ വന്നാലും റേഷൻ കടകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കി.