LATEST

6/recent/ticker-posts

ഒരളാക്കോട്ടുകടവ് പാലം പരിസത്തെ പുറമ്പോക്ക് മണ്ണിട്ടു നികത്തുന്നതായി പരാതി.



കൊടുവള്ളി: പൂനൂർ പുഴയ്ക്ക് കുറുകെ കൊടുവള്ളി പാലക്കുറ്റിയെയും കിഴക്കോത്ത് അമ്പലമീത്തൽ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലക്കുറ്റി ഒരളാക്കോട്ടുകടവ് പാലത്തിന്റെ കൊടുവള്ളി നഗരസഭാ പരിധിയിൽ വരുന്ന ഭാഗത്തെ പുറമ്പോക്ക് ഭൂമി മണ്ണിട്ടു നികത്താൻ ശ്രമം നടക്കുന്നതായും പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതായും പരാതി. 

ഇവിടെ പുഴയോരത്തുള്ള പൊതുകിണറിന് ചുറ്റും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നതായും പരാതിയുണ്ട്. പുഴയ്‌ക്കരികിലെ പുറമ്പോക്കിൽ മണ്ണും കത്തിക്കരിഞ്ഞ അജൈവ മാലിന്യങ്ങളും ഇരുട്ടിന്റെ മറവിൽ തള്ളിയിരിക്കുകയാണ്. പുറമ്പോക്ക് ഭൂമി പതിയെ പതിയെ മണ്ണിട്ടു നികത്തിയെടുക്കാനുള്ള ശ്രമമാണെന്നാണ് നാട്ടുകാർ പറയുന്നത്. 

രാത്രിയിലാണ് ടിപ്പർ ലോറിയിൽ മണ്ണു കൊണ്ടുവന്ന് തള്ളുന്നത്. പുഴയുടെ നൈസർഗികത നിലനിർത്തി, വേനൽക്കാലത്തേക്ക് വെള്ളത്തിന്റെ കരുതൽ ശേഖരം സൂക്ഷിക്കുന്ന മണൽ നിറഞ്ഞ പുഴയുടെ ഇരുകരകളും മണ്ണിട്ടു നികത്തുന്നതിലൂടെ വെള്ളത്തെ ശേഖരിച്ചു വെക്കാനുള്ള ഇടമാണ് നഷ്ടപ്പെടുന്നത്. കർക്കടക മാസത്തിൽ വാവ് ബലിതർപ്പണത്തിന് ധാരാളം പേർ എത്തിച്ചേരുന്ന ഇടംകൂടിയാണ് ഒരളാക്കോട്ട് കടവ്.

സ്ഥലത്ത് പാഴ്മണ്ണ് വന്ന് മൂടുന്നതോടെ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും തടസ്സമാകും. മഴക്കാലങ്ങളിൽ പുഴ കരകവിഞ്ഞൊഴുകി ഇരുതീരങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് പുഴയുടെ ആഴം കുറയുന്നതുകൊണ്ടാണ്. പുഴയോരത്ത് നിക്ഷേപിക്കപ്പെടുന്ന മാലിന്യം നിറഞ്ഞ മണ്ണ് മഴക്കാലത്ത് പുഴയിലേക്ക് ഒലിച്ച് പുഴയുടെ ആഴം വീണ്ടും കുറയുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.

പൂനൂർ പുഴ കൊടുവള്ളി നഗരസഭയുടെ പരിധിയിലാണ് വരുന്നത്. ഗ്രാമസഭയിൽ നിരന്തരമായി പരാതികൾ ഉന്നയിച്ചിട്ടും നഗരസഭ മാലിന്യ നിക്ഷേപം തടയുന്നതിനും പുഴയുടെ പുറമ്പോക്ക് മണ്ണിട്ടു നികത്തുന്നതിനും എതിരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് പ്രദേശത്തുകാരുടെ പരാതി. പുഴ കൈയ്യേറാനുള്ള ശ്രമങ്ങൾക്കും മാലിന്യ നിക്ഷേപത്തിനുമെതിരെ കർശ്ശന നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments