LATEST

6/recent/ticker-posts

നമ്മൾ ജയിക്കും, മറികടക്കും'; ഇന്ത്യയെ തകർച്ചയിൽനിന്ന് രക്ഷിച്ച മൻമോഹൻ സിങ് വിട വാങ്ങുമ്പോൾ




ന്യൂഡല്‍ഹി: അപ്രതീക്ഷിതമായിരുന്നു മൻമോഹൻ സിങിന്റെ പ്രധാനമന്ത്രിപദം. സൗമ്യനായ ഈ പഞ്ചാബ് സ്വദേശി രാജ്യത്തിന്റെ അമരത്തേക്കെത്തുമ്പോൾ രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാ​ഗവും സംശയാലുക്കളായി. എന്നാൽ, പിന്നീട് രാജ്യം സാക്ഷിയായത് അത്യപൂർവ സാമ്പത്തിക വൈദഗ്ധ്യത്തിനായിരുന്നു. പിന്നീട്, ഇഴഞ്ഞുനീങ്ങിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള മത്സര രംഗത്തേക്ക് തുറന്നുവിടുകയും സമ്പൂര്‍ണ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ സാമ്പത്തിക വിദഗ്ധനായി ഡോ. മന്‍മോഹന്‍ സിങ് മാറി.

രാജ്യത്തെ ഇടത്തരക്കാര്‍ക്കും വലിയ അഭിലാഷങ്ങളുള്ള യുവജനങ്ങള്‍ക്കും എന്നും താരമായിരിക്കും ഡോ. മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും പോലും ഇല്ലാതെ വന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി നരസിംഹ റാവു 1991-ല്‍ ധനകാര്യ മന്ത്രിയാക്കുന്നത്. ആഗോള എണ്ണവില കുതിച്ചുയരുകയും അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്.) നിന്ന് വായ്പക്കായി കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തപ്പോള്‍, ധനകാര്യ മന്ത്രി എല്ലാവരെയും അമ്പരപ്പിച്ച തീരുമാനമെടുത്തു. കയറ്റുമതി സബ്‌സിഡി നിര്‍ത്തി, രൂപയുടെ മൂല്യം താഴ്ത്തി, കമ്പനികളോട് ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താനാവശ്യപ്പെട്ടു. ഇത് പരസ്പരം മത്സരിക്കുന്ന തരത്തിലേക്ക് വ്യവസായ മേഖലയെ ഉണര്‍ത്തി.

ലോകം മുഴുവനും ഈ നയം ഉച്ചത്തിലും വ്യക്തമായും കേള്‍ക്കട്ടെ. ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മള്‍ ജയിക്കും, മറികടക്കും'-തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ് ആത്മവിശ്വാസം കൊണ്ടു. അതു വെറുതെയായില്ല. ദോഷൈക ദൃക്കുകളുടെ വിമര്‍ശനങ്ങളെ തള്ളി, ഇന്ത്യ പുതിയ മത്സരക്ഷമതയിലേക്ക് വന്നു.

ഇടക്കാലത്തുള്ള ദുര്‍ദശകള്‍ മറികടന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എ. 2004-ല്‍ അധികാരത്തിലെത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ബി.ജെ.പി. ഉയര്‍ത്തിയതും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ അകന്ന സിഖുകാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തീരുമാനവും ഡോ. സിങ്ങിന്റെ കഴിവും പ്രാഗത്ഭ്യവും എല്ലാം ഒത്തുവന്നപ്പോഴായിരുന്നു അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. തുടര്‍ച്ചയായി 10 വര്‍ഷം. അഴിമതി ആരോപണങ്ങളടക്കം മന്ത്രിസഭയ്‌ക്കെതിരേ ഉയര്‍ന്നെങ്കിലും ആരും മന്‍മോഹന്‍ സിങ്ങിനെ അതിന് കുറ്റപ്പെടുത്തിയില്ല. അത്തരമൊരാരോപണം ഉന്നയിക്കാന്‍ പോലും വിമര്‍ശിക്കുമ്പോഴും ആര്‍ക്കും സാധ്യമാവുമായിരുന്നില്ല എന്നതാണ് സത്യം. ഇക്കാലയളവിലും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യ സുരക്ഷാ പദ്ധതി, വിവരാവകാശ നിയമം തുടങ്ങി ഒട്ടേറെ ക്ഷേമ പരിപാടികള്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭ ആവിഷ്‌കരിച്ചു.

ധനമന്ത്രിയായും പ്രധാനമന്ത്രിയായും രാഷ്ട്രനിര്‍മ്മാണത്തിന് ഡോ. മന്‍മോഹന്‍ സിങ് നല്‍കിയ സംഭാവനകള്‍ക്കപ്പുറമായിരുന്നു രാജ്യസഭാംഗമായിരിക്കെയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ. മന്‍മോഹന്‍സിങ് തുടങ്ങിവെച്ച മാറ്റത്തിന്റെ ഗുണഫലങ്ങള്‍ പിന്‍ഗാമികള്‍ ആര് കൊയ്‌തെടുത്താലും ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ സുവര്‍ണ ലിപികളിലുണ്ടാവും.




Post a Comment

0 Comments