ന്യൂഡൽഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതിക്കു കീഴിൽ മഞ്ഞ റേഷൻ കാർഡുകാർക്ക് നൽകി വരുന്ന വിഹിതം നിലനിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിൽ എഎവൈ വിഭാഗത്തിനു നൽകിവരുന്ന 35 കിലോ അരി നിലനിർത്തണമെന്നും എഎവൈ വിഭാഗത്തിനു ലഭിച്ചിരുന്ന പഞ്ചസാര പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടെന്ന് അനൂപ് ജേക്കബ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ കുത്തരി ഉൾപ്പെടുന്നത് പരിഗണിക്കാമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും ഒരു മാസം 40,000 മെട്രിക് ടൺ അരി ഇതിനു വേണ്ടി നീക്കിവയ്ക്കേണ്ടി വരുമെന്നും അനൂപ് ജേക്കബ് അറിയിച്ചിട്ടുണ്ട്. എഎവൈ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അരി വിഹിതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു യോഗം വിളിച്ചുചേർക്കുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ വ്യക്തമായ അഭിപ്രായം യോഗത്തിൽ ആരായുമെന്നും അനൂപ് ജേക്കബ് അറിയിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഭേദഗതി തയാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എഎവൈ പദ്ധതിക്കുള്ള അരി കൃത്യമായി വിനിയോഗിക്കപ്പടുന്നുണ്ടോ എന്നുള്ളതും രണ്ട് പേരുള്ള കുടുംബത്തിന് 35 കിലോ അരിയുടെ ആവശ്യമുണ്ടോ എന്നുള്ളതുമാണ് പുതിയ മാറ്റത്തിനു പിന്നിലെ കേന്ദ്രത്തിന്‍റെ ചോദ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ട വിഭാഗമായ എഎവൈ വിഭാഗത്തിനാണ് ഈ 35 കിലോ അരി ലഭിക്കുന്നതെന്നും അങ്ങനെയുള്ളവർക്ക് ഇതൊരു ഭക്ഷ്യസുരക്ഷയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആദിവാസി മേഖലയിലുൾപ്പെടെയുള്ള എഎവൈ കുടുംബങ്ങളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്‍റെ നയമെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണ പദ്ധതിയിൽ കുത്തരി ഉൾപ്പെടുത്തുന്നതിൽ കേന്ദ്രത്തിൽനിന്ന് പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കേന്ദ്രത്തിനും പ്രൊപ്പോസലിൽ വ്യക്തത വേണമെന്നും മന്ത്രി പറഞ്ഞു.



0 Comments