കോഴിക്കോട് : കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണതിനു പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നൂറു വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ആണ് രാവിലെ 11.10 ന് തകർന്ന് പ്ലാറ്റ്ഫോമിലേക്ക് പതിച്ചത്. സമീപത്ത് യാത്രക്കാർ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. രാത്രിയോടെ കെട്ടിടത്തിന്റെ ബാക്കി ഭാഗം കൂടി പൊളിച്ചു നീക്കി ഗതാഗതം രാവിലെ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ബുധനാഴ്ച രാത്രി രണ്ടാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനിനു മുകളിലേക്കാണ് രാവിലെ ക്ലോക്ക് ടവർ തകർന്ന് കെട്ടിട അവശിഷ്ടങ്ങൾ പതിച്ചത്. ആർപിഎഫ് ഓഫിസ് ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്. വിള്ളലിനെ തുടർന്ന് ഈ കെട്ടിടത്തിന്റെ ഭാഗം പൊളിക്കാനും വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിനായുള്ള ബാരിക്കേഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ഫയർ ആൻഡ് റസ്ക്യൂ സർവീസ്, ആർപിഎഫ്, പൊലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തുടർനടപടികൾ ഏകോപിപ്പിച്ചത്.
ഒരു മാസം മുൻപു തന്നെ കെട്ടിടം അപകടത്തിലാണെന്ന് റെയിൽവേ കണ്ടെത്തിയിട്ടും ഒരു മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ലെന്ന ആക്ഷേപമുണ്ട്. ക്ലോക്ക് ടവർ പൂർണമായി പൊളിച്ചു നീക്കാൻ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചു. പൊളിഞ്ഞ കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗം പൊളിച്ചു നീക്കാനും ഒപ്പം സുരക്ഷിതമല്ലാതെ കെട്ടിടത്തിന്റെ ഭാഗമായുളള മറ്റിടങ്ങൾ ഉണ്ടെങ്കിൽ അതും പൊളിച്ചു മാറ്റാനാണ് കലക്ടർ നിർദേശിച്ചത്.
വൈകിട്ടോടെ കെട്ടിടം കയർ കെട്ടി യന്ത്രസഹായത്തോടെ ഫയർ ആൻഡ് റസ്ക്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലും സർവീസ് നിർത്തിവച്ചതോടെ കോഴിക്കോട് വഴി പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടായി. മുൻകരുതലിന്റെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ സർവീസ് നിർത്തി നാലാം പ്ലാറ്റ്ഫോമിനു സമീപമുള്ള പാതയിലൂടെ മാത്രമാണ് ഉച്ചയ്ക്കു ശേഷം ഗതാഗതം പുനസ്ഥാപിക്കാനായത്. രണ്ടാം പ്ലാറ്റ്ഫോമിന്റെ തകർന്ന മേൽക്കൂര മുറിച്ചുമാറ്റുന്ന പ്രവൃത്തി രാത്രിയോടെ പൂർത്തിയാക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് സമീപ സ്റ്റേഷനായ കല്ലായിയിൽ നിന്നാണ് സർവീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസും കല്ലായി വരെ സർവീസ് ക്രമീകരിച്ചു. ഉച്ചയ്ക്ക് 2.05 പുറപ്പെടേണ്ട കണ്ണൂർ എക്സ്പ്രസ് തൊട്ടടുത്ത സ്റ്റേഷനായ വെളളയിൽ നിന്നാണ് സർവീസ് നടത്തിയത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസ് തൊട്ടടുത്ത സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തിയത്. കോഴിക്കോട് കൂടി കടന്നുപോകുന്ന ഏറനാട്, നേത്രാവതി എക്സ്പ്രസുകളും വൈകിയാണ് സ്റ്റേഷൻ വിട്ടത്. ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിൻ സർവീസ് റദ്ദാക്കി. കോഴിക്കോട്, വെള്ളയിൽ, വെസ്റ്റ്ഹിൽ, കല്ലായി സ്റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് എത്തിച്ചേരുന്നതിനും നഗരത്തിലെത്തുന്നതിനും പ്രത്യേക കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തി.
കെട്ടിടത്തിൽ വിള്ളൽ കണ്ടതിനാൽ മുൻകരുതലെന്ന രീതിയിൽ സമീപപ്രദേശങ്ങളിലേക്ക് യാത്രക്കാർ എത്തുന്നത് തടഞ്ഞ് അപായ റിബൺ സ്ഥാപിച്ചതാണ് യാത്രക്കാർക്ക് രക്ഷയായത്. ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ഭാഗം പൊളിച്ചു നിൽക്കുന്നതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു. ക്ലോക്ക് ടവർ തകർത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതോടെ ഒന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി
സ്റ്റേഷൻ നവീകരണത്തിൽ അലംഭാവം ഉണ്ടായെന്ന് സിപിഎം, കോൺഗ്രസ്, സിപിഎം തുടങ്ങിയ സംഘടനകൾ കുറ്റപ്പെടുത്തി. നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ റെയിൽവേ അടിയന്തര ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. വലിയൊരു അപകടത്തിൽ നിന്നാണ് ജനം രക്ഷപ്പെട്ടതെന്ന് സ്റ്റേഷനിൽ സന്ദർശനം നടത്തിയ കെ.ജയന്ത് എംഎൽഎ പ്രതികരിച്ചു. കാലതാമസം കൂടാതെ നിർമാണപ്രവർത്തനം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളപായമില്ലെന്നത് ആശ്വാസമാണെങ്കിലും നിർമാണത്തിൽ മെല്ലേപ്പോക്ക് നടത്തുന്ന കരാറുകാരെയും മറ്റ് ജീവനക്കാരെയും ഇവിടെ നിന്ന് മാറ്റണമെന്ന് സ്റ്റേഷനിലെത്തിയ സ്ഥലം എംഎൽഎ കൂടിയായ വി.കെ.ഫൈസൽ ബാബു പറഞ്ഞു.
സംഭവം അതീവ ഗൗരവമുള്ളതാണെന്നും സംഭവത്തിൽ ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർ അടിയന്തര അന്വേഷണം നടത്തണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടിവും ആവശ്യപ്പെട്ടു..



0 Comments