ന്യൂഡൽഹി : ഇന്ത്യയിൽ വിപിഎൻ സേവനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിപിഎൻ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് കർശന വ്യവസ്ഥകൾ ബാധകമാക്കുന്ന പുതിയ നിയമം നടപ്പാക്കാനാണ് നീക്കം.
നിരോധിച്ച ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാൻ വിപിഎൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണു സർക്കാരിന്റെ നടപടി. പുതിയ നിയമപ്രകാരം വിപിഎൻ സേവനദാതാക്കൾ ഇന്ത്യയിൽ ഓഫിസ് സ്ഥാപിക്കണം. അന്വേഷണ ഏജൻസികളുമായും സർക്കാരുമായും സഹകരിക്കുന്നതിന് ഇന്ത്യയിൽ തന്നെ പ്രത്യേക കംപ്ലയൻസ് ഓഫിസർമാരെ നിയമിക്കണമെന്നും നിർദേശിക്കും. നിയമം പാലിക്കാത്ത കമ്പനികളുടെ പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്.
2022ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിപിഎൻ കമ്പനികളോട് ഉപയോക്താക്കളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഐപി വിലാസം തുടങ്ങിയ വിവരങ്ങൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇത് സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ത്യയിലെ അവരുടെ ഫിസിക്കൽ സെർവറുകൾ പിൻവലിച്ചിരുന്നു.
കഴിഞ്ഞ മാസം നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്ത് വിപിഎൻ ഉപയോഗം 120% വർധിച്ചിരുന്നു. ഈ സാഹചര്യം കൂടി വിലയിരുത്തിയാണ് വിപിഎൻ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്.



0 Comments