തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യല്‍ ഡ്രൈവില്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ നിന്ന് പിരിച്ചെടുത്തത് 2.7 കോടി രൂപ.പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവായ 'ഹെല്‍മറ്റ് ഓണ്‍ - സേഫ് റൈഡ്' ലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും വലിയ തുക പിരിച്ചെടുത്തത്.
51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയില്‍ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്. സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതല്‍ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരും. ആവർത്തിക്കുന്നവർക്കെതിരെ കർശന സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാർച്ച് 18 മുതല്‍ 24 വരെ സംസ്ഥാന വ്യാപകമായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണല്‍ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധിച്ചാല്‍ 974700 1099 എന്ന 'ശുഭയാത്ര' വാട്സ്‌ആപ്പ് നമ്പറില്‍ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കേണ്ടതാണ്.



0 Comments