LATEST

6/recent/ticker-posts

എൽപിജി ക്ഷാമം; ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 25 കിലോ ഗ്യാസ്, പ്രതിസന്ധിയിലായി ശ്മശാനങ്ങൾ






കോഴിക്കോട് :പാചകവാതക ദൗർലഭ്യം മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തെയും ബാധിച്ചു. ഇവിടത്തെ ഗ്യാസ് ചേംബറുകളിൽ സംസ്കാരം നടത്താനാവശ്യമായ എൽപിജിയുടെ കുറവാണ് തിരിച്ചടിയായത്.

സ്മൃതിപഥത്തിലെ ഇലക്ട്രിക് ചൂള 2 മാസത്തിലേറെയായി കേടായിക്കിടക്കുകയാണ്. ഇവിടത്തെ 2 പരമ്പരാഗത ചൂളകളിൽ ഒന്നും കേടാണ്. 4 വാതക ചൂളകളാണ് ഇവിടെയുള്ളത്. ഇവിടെയെത്തുന്ന മൃതദേഹങ്ങളിൽ കൂടുതലും വാതക ചൂളകളിലാണ് സംസ്കരിച്ചിരുന്നത്. എൽപിജി ക്ഷാമം രൂക്ഷമായതോടെയാണ് ഗ്യാസ് ചൂളകളിലെ സംസ്കാരം പ്രതിസന്ധിയിലായത്. ഇന്നലെ 3 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടേക്കു കിട്ടിയത്. ഒരു മൃതദേഹം ഇന്നലെ സംസ്കരിച്ചു. ഒരു മൃതദേഹം കൂടി സംസ്കരിക്കാനുള്ള വാതകം ഉണ്ട്. സംസ്കാരത്തിന്റെ വിവരങ്ങൾ അന്വേഷിച്ചു വിളിക്കുന്നവരോട് നിലവിലുള്ള പ്രതിസന്ധി പറഞ്ഞു മനസ്സിലാക്കി വെസ്റ്റ്ഹിൽ, മാങ്കാവ്, പുതിയപാലം, മാനാരി ശ്മശാനങ്ങളിലേക്ക് തിരിച്ചുവിടേണ്ട അവസ്ഥയാണ്.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 25 കിലോ ഗ്യാസെങ്കിലും വേണം. ഒന്നര സിലിണ്ടർ വരുമിത്. ഒരു ഗ്യാസ് സിലിണ്ടർ തീർന്നാൽ അടുത്തത് എടുക്കുകയല്ല ചെയ്യുന്നത്. ഒരേ സമയം 12 ഗ്യാസ് സിലിണ്ടർ ബന്ധിപ്പിച്ചാണ് സംസ്കാരം നടത്തുന്നത്. കുറേശ്ശെയായി ഗ്യാസ് വരുന്ന രീതിയിലാണ് സംവിധാനം. ശ്മശാനങ്ങളെ പ്രത്യേകമായി പരിഗണിച്ച് ഗ്യാസ് അനുവദിക്കാനുള്ള നടപടിക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. അങ്ങനെയായാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മാസങ്ങളായി കേടായിരിക്കുന്ന വൈദ്യുതി ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments