LATEST

6/recent/ticker-posts

പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും; കടകമ്പോളങ്ങള്‍ അടയും



        
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളും നിശ്ചലമാകും. തൊഴിലുടമകൾക്കെല്ലാം പണിമുടക്ക് നോട്ടീസ് നൽകി. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടയും, മോട്ടോര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12ന് പണി നിര്‍ത്തിവയ്ക്കും.

പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷാപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ ഇപ്രാവശ്യം പണിമുടക്കുമ്പോള്‍, രാജ്യം ആകെ സ്തംഭിക്കും. കഴിഞ്ഞ പണിമുടക്ക്, ജൂലൈ 9ന് 25 കോടി തൊഴിലാളികളും, കൃഷിക്കാരുമാണ് പങ്കെടുത്തതെങ്കില്‍, ഫെബ്രുവരി 12ന് ഉയര്‍ത്തുന്ന ആവശ്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പണിമുടക്കായി മാറും.

ലോകം തന്നെ ഉറ്റുനോക്കുന്ന, വലിയ പങ്കാളിത്തം ഉണ്ടാവുന്ന പണിമുടക്കാണ് രാജ്യത്ത് നടക്കാന്‍ പോകുന്നതെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണിമുടക്കിന്‍റെ ഭാഗമായി തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കീഴ്വഴക്കമനുസരിച്ച് വിളിച്ചു ചേര്‍ക്കേണ്ട ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് പോലും വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം തയ്യാറായിട്ടില്ല. കേന്ദ്ര തൊഴിലാളി സംഘടനകള്‍ക്ക് മതിയായ പരിഗണന നല്‍കാത്ത ബിജെപി സര്‍ക്കാരിന്‍റെ മേല്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ട്രേഡ് യൂണിയനുകളെ തള്ളിപ്പറയുന്നത് തൊഴില്‍ രംഗത്ത് അരാജകത്വം സൃഷ്ടിക്കും. ഐഎന്‍ടിയുസി പണിമുടക്കിലുള്ളപ്പോള്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലേബര്‍ കോഡുകളുടെ ചട്ടങ്ങള്‍ നടപ്പിലാക്കിയത് വിരോധാഭാസമാണെന്നും എളമരം കരീം പറഞ്ഞു.

പണിമുടക്ക് ദിവസം നടക്കുന്ന പ്രതിഷേധ പരിപാടിയില്‍, എളമരം കരീം, തമ്പാന്‍ തോമസ്, കെ ചന്ദ്രന്‍പിള്ള, തുടങ്ങിയവര്‍ എറണാകുളത്തും, ടി പി രാമകൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, സോണിയ ജോര്‍ജ്, തുടങ്ങിയവര്‍ തിരുവനന്തപുരത്തും, കെ എന്‍ ഗോപിനാഥ്, പി പി പ്രേമ, സി പി മുരളി, എന്നിവര്‍ കോഴിക്കോടും, ദീപ കെ രാജന്‍ തൃശൂരും, പി നന്ദകുമാര്‍ മലപ്പുറത്തും, ജെ മേഴ്സിക്കുട്ടി അമ്മ കൊല്ലത്തും, മറ്റു പ്രധാന നേതാക്കളെല്ലാം മറ്റു ജില്ലാ കേന്ദ്രങ്ങളിലും പങ്കെടുക്കും.

10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ തൊഴിലാളി ഫെഡറേഷനുകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത കര്‍ഷകമോര്‍ച്ചയും, കര്‍ഷക തൊഴിലാളി സംഘടനകളും, സിപിഐഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപക സംഘടനകളും, ബാങ്ക് - ഇന്‍ഷുറന്‍സ് - പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. മഹിളാ - വിദ്യാര്‍ഥി - യുവജന സംഘടനകളും, പണിമുടക്ക് ദിവസം തെരുവിലിറങ്ങി പ്രതിഷേധിക്കും.

Post a Comment

0 Comments