കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന. നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. മുൻപ് തന്ന ഉറപ്പുകൾ സർക്കാർ നടപ്പാക്കിയില്ല. നഗരത്തിലെ ഫയർ സ്റ്റേഷന് കെട്ടിടം പോലും ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകും. മിഠായി തെരുവ് തീപിടിത്തതിന് പിറകെ നൽകിയ ഒരു ഉറപ്പും പാലിച്ചില്ല. വ്യാപാരികൾ മാത്രമല്ല, നഗരവാസികളും സുരക്ഷാ ഭീഷണിയിലാണെന്ന് വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കോഴിക്കോട് നഗരത്തിൽ 40 ഓളം വലിയ തീപിടിത്തങ്ങളാണ് ഉണ്ടായത്. തിരക്കേറിയ മിഠായി തെരുവിലും മെഡിക്കൽ കോളേജ് കെട്ടിടത്തിലും കളക്ടറേറ്റിലുമെല്ലാം തീ പടർന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ പലതും പാലിക്കപ്പെട്ടില്ല എന്ന് തെളിയിക്കുന്ന അനുഭവങ്ങളാണ് ഇന്നലെയും കണ്ടത്. ബഹുനില കെട്ടിടങ്ങളിൽ ഉൾപ്പെടെ കൃത്യമായ ഫയർ ഓഡിറ്റ് നടത്തുകയോ തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്നില്ല. അപകടം ഉണ്ടായാൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ അപര്യാപ്‌തമാണ് എന്നും ഇന്നലെ വീണ്ടും വ്യക്തമായി.
അതിനിടെ കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഫയർ ഫോഴ്സ് സംഘം രാവിലെ വീണ്ടും കെട്ടിടത്തിനുള്ളിൽ കയറി പരിശോധന നടത്തി. മൂന്ന് വർഷം മുൻപും ഇതേ വസ്ത്രാലയത്തിൽ തീപിടിത്തം ഉണ്ടായിരുന്നു. 2023 ഏപ്രിലിൽ ആയിരുന്നു അത്. അന്ന് ഷോർട് സർക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തിയത്



0 Comments