LATEST

6/recent/ticker-posts

കരിപ്പൂരിന്റെ ആകാശത്ത് ആകാശ എയർ മുത്തം വെക്കും; ജിദ്ദ സർവീസ് മാർച്ച് 13 മുതൽ; ഹജ്ജ് സർവീസിലും സാന്നിധ്യം





കരിപ്പൂർ:
ജിദ്ദയിലെ മലബാർ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഒരുപോലെ ആശ്വാസകരമായി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 13 മുതൽ ജിദ്ദ - കോഴിക്കോട് സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. നിലവിൽ കൊച്ചിയിൽ നിന്ന് നേരിട്ട് സർവീസുകളുണ്ടെങ്കിലും, കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൂടി ഈ സൗകര്യം എത്തുന്നതോടെ മലബാറിലെ പ്രവാസികളുടെ യാത്രാക്ലേശത്തിന് വലിയൊരളവ് പരിഹാരമാകും.

യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് വിമാനത്തിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. സൗദി സമയം രാവിലെ 9:10-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5:30-ന് കോഴിക്കോട് എത്തും. തിരിച്ച് വൈകിട്ട് 6:55-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10:50-ഓടെ ജിദ്ദയിലെത്തുന്ന രീതിയിലാണ് ക്രമീകരണം.

186 ഇക്കോണമി സീറ്റുകളുള്ള അത്യാധുനിക ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസിനായി ഉപയോഗിക്കുന്നത്.
വിശുദ്ധ റമദാൻ മാസത്തിലെ തിരക്കും തുടർന്നു വരുന്ന ചെറിയ പെരുന്നാൾ അവധിയും പരിഗണിക്കുമ്പോൾ, ഈ പുതിയ സർവീസ് പ്രവാസികൾക്ക് വലിയ അനുഗ്രഹമായിരിക്കും. ഉംറ തീർത്ഥാടകർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാൻ ഇത് അവസരമൊരുക്കും.

എം.കെ. രാഘവൻ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും എയർലൈൻ അധികൃതരുടെയും നിരന്തരമായ ഇടപെടലുകൾ ഈ നേട്ടത്തിന് പിന്നിലുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് ഈ പുതിയ രാജ്യാന്തര കണക്റ്റിവിറ്റി വലിയൊരു കുതിച്ചുചാട്ടമാകും നൽകുക.

ഈ വർഷത്തെ ഹജ്ജ് സർവീസിലും ആകാശ എയറിന്റെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നത് ശ്രദ്ധേയമാണ്. മെയ് 15 മുതൽ 18 വരെ ജിദ്ദയിലേക്കും ജൂൺ 23 മുതൽ 26 വരെ മദീനയിൽ നിന്ന് കരിപ്പൂരിലേക്കും പ്രത്യേക ഹജ്ജ് സർവീസുകൾ കമ്പനി നടത്തും.

കരിപ്പൂരിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ദുബായ്, കുവൈറ്റ്, ദോഹ തുടങ്ങിയ കൂടുതൽ വിദേശ നഗരങ്ങളിലേക്കും ആഭ്യന്തര റൂട്ടുകളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.



Post a Comment

0 Comments